03:39am 29 August 2026
NEWS
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങിയത് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്
16/02/2025  08:46 AM IST
nila
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങിയത് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പണം വാങ്ങിയെന്ന് വെളിപ്പെടുത്തി വീട്ടമ്മമാർ. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, തത്തമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ മുന്നൂറിലധികം വനിതകൾ തട്ടിപ്പിനിരയായി എന്നാണ് റിപ്പോർട്ട്. സർക്കാർ പദ്ധതിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവരിൽ നിന്നും പണം വാങ്ങിയത്. നല്ലേപ്പിള്ളി പഞ്ചായത്തിലെ ജനതാദൾ (എസ്) അംഗമായ പ്രീതി രാജനാണ് പകുതിവിലക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നാണ് വീട്ടമ്മമാർ ആരോപിക്കുന്നത്. ചിറ്റൂർ പൊലീസ് സ്റ്റേഷനിൽ മാത്രം നൂറോളം പരാതികളാണ് ഇതുസംബന്ധിച്ച് ലഭിച്ചത്. അനന്തകൃഷ്ണൻ ഒന്നാംപ്രതിയും പ്രീതി രാജൻ രണ്ടാംപ്രതിയുമായി അഞ്ച് കേസുകൾ  രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

‘മകൾക്കു വേണ്ടിയാണു സ്കൂട്ടർ വാങ്ങാൻ തീരുമാനിച്ചത്. സ്കൂട്ടർ ലഭിക്കാൻ 60,000 രൂപ അടയ്ക്കണമെന്നാണു പ്രീതി മെംബർ പറഞ്ഞത്. തുക ഗൂഗിൾ പേ ചെയ്താലും മതിയെന്നു പറഞ്ഞു. എന്നാൽ അത്തരം സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാൽ മന്ത്രിയുടെ ഓഫിസിനു പിറകിലുള്ള പാർട്ടി ഓഫിസിൽ എത്തിയാണു മെംബറുടെ കയ്യിൽ പണം നൽകിയത്. അതിനു പുറമേ സ്കൂട്ടറിന്റെ ഇൻഷുറൻസിനായി 5,900 രൂപയും അംഗത്വ ഫീസായി 320 രൂപയും കൊടുത്തു’– കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ വീട്ടമ്മ പറഞ്ഞു. 

അതേസമയം, പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് തന്റെ ഓഫിസ് ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രതികരിച്ചു.  ഓഫിസിലെ ആരെങ്കിലും തട്ടിപ്പിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പുറത്താക്കുമെന്നും പാർട്ടി നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മുഖംനോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരാതിക്കാർ പറഞ്ഞതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img